നാട്ടിലുടനീളം ഫർണിച്ചർ ഷോപ്പുകളും വെവ്വേറെ ഡിസൈനുകളിലുള്ള സോഫാസെറ്റുകളും ലഭ്യമാണെങ്കിലും തങ്ങൾക്കിണങ്ങും വിധത്തിലുള്ള നിറത്തിലും ഡിസൈനിലും മെറ്റീരിയലിലുമൊക്കെ സോഫകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. ഒരു ക്ലയന്റിനെ കസ്റ്റമൈസ്ഡ് സോഫകളിലേക്കെത്തിക്കുന്ന പ്രധാന ഘടകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
തനതായ ഡിസൈൻ: ക്ലയന്റിന്റെ ആഗ്രഹങ്ങൾക്കനുസൃതമായതും വീടിന്റെ ഇന്റീരിയറിനിണങ്ങുന്നതുമായ തനതായ ഡിസൈനുകളിൽ കസ്റ്റമൈസ്ഡ് സോഫകൾ ഒരുക്കാനാകുന്നു. തങ്ങളുടെ ലിവിങ് റൂമുകൾ ഒരു പ്രത്യേക തീമിൽ ആയിരിക്കണമെന്ന തീരുമാനം ഉള്ളവർക്ക് കസ്റ്റമൈസ്ഡ് സോഫകളാണ് അനുയോജ്യം.
കൃത്യമായ അളവ്: ഒരു മുറിയുടെ കൃത്യമായ അളവുകൾക്ക് അനുയോജ്യമായ രീതിയിൽ കസ്റ്റമൈസ്ഡ് സോഫകൾ നിർമ്മിക്കാം. പരമ്പരാഗത ലേഔട്ടുകൾ ഉപയോഗിക്കാത്ത വീടുകളിലും സാധാരണ വലിപ്പത്തിലുള്ള ഫർണിച്ചറുകൾ ചേരാത്ത സ്ഥല പരിമിതിയുള്ള ഇടങ്ങളിലും ഇവ വളരെ ഉപയോഗപ്രദമാണ്.
മെറ്റീരിയലും ഫാബ്രിക്കും തിരഞ്ഞെടുക്കാനുള്ള സൗകര്യം: ഒരു സോഫ കസ്റ്റമറിന്റെ ഇഷ്ടാനുസരണം ചെയ്യുമ്പോൾ അവരുടെ ബഡ്ജറ്റ്, ആവശ്യകത, താല്പര്യങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ മെറ്റീരിയലും തുണിത്തരവും തിരഞ്ഞെടുക്കാം. ലെതർ, മൈക്രോ ഫൈബർ, സുസ്ഥിര വസ്തുക്കൾ (Sustainable Material) എന്നിങ്ങനെ ഓരോ ക്ലയന്റും വ്യത്യസ്ത ഓപ്ഷനുകൾ ആഗ്രഹിക്കുന്നവരാണ്.
കംഫർട്ട്: കസ്റ്റമൈസ് ചെയ്യുന്നതിലൂടെ കസ്റ്റമറിന്റെ കംഫർട്ടിനനുസരിച്ച് വളരെ മൃദുവായതു മുതൽ ദൃഢതയുള്ളതു വരെയുള്ള സോഫകൾ തയാറാക്കാനാകുന്നു. ഇതിനായി ക്ലയന്റിന്റെ ഇഷ്ടാനുസരണമുള്ള കുഷ്യൻ മെറ്റീരിയൽ, അവയുടെ സാന്ദ്രത തുടങ്ങിയവ തീരുമാനിക്കാം.
പ്രവർത്തനക്ഷമത: ക്ലയന്റിന്റെ താല്പര്യപ്രകാരം കസ്റ്റമൈസ്ഡ് സോഫകളോടൊപ്പം ബിൽറ്റ്-ഇൻ സ്റ്റോറേജ്, റീക്ലൈനറുകൾ, സോഫ ബെഡുകൾ തുടങ്ങിയ അധിക ഫീച്ചറുകളും ഉൾപ്പെടുത്താനാകുന്നു. ഇത്തരം അധിക ഫീച്ചറുകളിലൂടെ സോഫയെ ഒരു 'മൾട്ടി പർപസ്' ഫർണിച്ചറായി മാറ്റാൻ സാധിക്കുന്നു.
ഗുണനിലവാരം: ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളെയും കഴിവുള്ള ജോലിക്കാരെയും തിരഞ്ഞെടുക്കുന്നതിലൂടെ ഭംഗിക്കു പുറമേ ദീർഘകാലം നിലനിൽക്കുന്ന രീതിയിലുള്ള സോഫകൾ തയാറാക്കാനാകുന്നു.
ആരോഗ്യ പരിഗണനകൾ: നടുവേദന പോലുള്ള പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് പ്രത്യേക എർഗണോമിക് സവിശേഷതകളുള്ള, പിന്തുണ നൽകുന്ന സോഫകൾ ആവശ്യമാണ്. ഇത്തരത്തിൽ കസ്റ്റമറിന് വേണ്ട എല്ലാവിധ സപ്പോർട്ടും നൽകുന്ന സവിശേഷതകൾ കസ്റ്റമൈസ്ഡ് സോഫകളിലൂടെയാണ് ചെയ്യാൻ സാധിക്കുക.
ട്രെൻഡുകൾ: ഡിസൈനുകളിലെ ട്രെൻഡുകൾക്കൊപ്പം നിൽക്കാൻ കസ്റ്റമൈസേഷൻ അനുവദിക്കുന്നു. ഏറ്റവും പുതിയ ശൈലികളും സവിശേഷതകളും സോഫകളിൽ ഉൾപ്പെടുത്തിക്കൊണ്ട് ട്രെൻഡി സോഫകൾ തയാറാക്കാനാകുന്നു.
മറ്റു മുൻഗണനകൾ: ചെറിയ കുട്ടികളോ വളർത്തുമൃഗങ്ങളോ ഒക്കെ ഉള്ളവർക്ക് സോഫകൾ ദീർഘകാലം നിലനിൽക്കുന്ന രീതിയിലും വൃത്തിയാക്കാൻ എളുപ്പമുള്ള തരത്തിലും ചെയ്യാനാകും. സ്റ്റെയിൻ-റെസിസ്റ്റന്റ് തുണിത്തരങ്ങളും ഉറപ്പുള്ള മെറ്റീരിയലുമൊക്കെ ഇതിനായി തിരഞ്ഞെടുക്കാം.