വീടിന്റെ മുറ്റം മനോഹരമാക്കാൻ ഉപയോഗിക്കുന്ന ലാൻഡ്സ്കേപിങ് മെറ്റീരിയലുകളിൽ നിലവിലെ ട്രെൻഡാണ് സിമെന്റ് ഇന്റർലോക്കിങ് ബ്രിക്കുകളെ വെല്ലുന്ന ഗുണങ്ങളുള്ള നാച്ചുറൽ സ്റ്റോണുകൾ. മണ്ണിലേക്ക് വെള്ളം ഇറങ്ങുക, ഒരു പരിധി വരെ ചൂട് കുറയ്ക്കുക, മെയിന്റെനൻസ് ചിലവൊഴിവാക്കാനാകുക എന്ന് തുടങ്ങി നിരവധി ഗുണങ്ങളുള്ളവയാണ് നാച്ചുറൽ സ്റ്റോണുകൾ. ഇവയ്ക്കിടയിൽ ആർട്ടിഫിഷ്യൽ/നാച്ചുറൽ ഗ്രാസ് നൽകിക്കൊണ്ടും അതല്ലാതെ കല്ലുകൾക്കിടയിലുള്ള അകലം കുറച്ചു സെറ്റ് ചെയ്തു കൊണ്ടും ലാൻഡ്സ്കേപിങ് ചെയ്യാം.
ബാംഗ്ലൂർ, താന്തൂർ, കഡപ്പ, കോട്ട എന്നിങ്ങനെ ഖനനം ചെയ്യുന്ന സ്ഥലപ്പേരുകളിൽ തന്നെയാണ് മിക്ക കല്ലുകളും അറിയപ്പെടുന്നത്. ഇവയുടെയൊക്കെ ഭംഗിക്ക് മാത്രം പ്രാധാന്യം നൽകാതെ അവയുടെ ഭാരം താങ്ങാനുള്ള ശേഷി, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ ഘടകങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഓരോ കല്ലുകളുടെയും പ്രത്യേകതകൾ നോക്കാം.
ആന്ധ്രാപ്രദേശിലെ താന്തൂർ എന്ന സ്ഥലത്തു നിന്നും നിന്നും ലഭിക്കുന്ന സെഡിമെന്ററി റോക്ക് ഇനത്തിലുള്ള ലെയറുകളായി രൂപപ്പെടുന്ന ലൈം സ്റ്റോണുകളാണ് താന്തൂർ സ്റ്റോണുകൾ. പച്ച, മഞ്ഞ, ഗ്രേ, ചോക്ലേറ്റ് ഷെയ്ഡുകളിൽ ലഭിക്കുന്ന ഈ സ്റ്റോണുകളെ വിവിധ ഫിനിഷിങ്ങുകൾ നൽകി പേവിങ് ടൈലുകളായി ഉപയോഗിക്കാം. മാർബിൾ, ഗ്രാനൈറ്റ് സ്റ്റോണുകളെക്കാൾ വിലക്കുറവും ദീർഘകാലം ഈട് നിൽക്കുന്നവയുമാണ് താന്തൂർ കല്ലുകൾ. 30, 40, 50 MM കളിലായി വ്യത്യസ്ത കനങ്ങളിൽ ഇവ ലഭ്യമാകുന്നു. എന്നാൽ കുറഞ്ഞത് 50 MM കനമുള്ള കല്ലുകൾക്ക് മാത്രമേ വലിയ വാഹനങ്ങളുടെ ഭാരം താങ്ങാനുള്ള ശേഷി ഉണ്ടാകുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
തെലങ്കാനയിലെ കഡപ്പ എന്ന സ്ഥലത്തു നിന്നും ലഭിക്കുന്ന കറുത്ത നിറത്തിലുള്ള ലൈം സ്റ്റോണുകളാണ് കഡപ്പ സ്റ്റോണുകൾ. താന്തൂർ സ്റ്റോണുകളെ അപേക്ഷിച്ചു താരതമ്യേനെ ഭാരം വഹിക്കാനുള്ള ശേഷി കുറവായതിനാൽ വലിയ വാഹനങ്ങൾ കയറുന്ന ഏരിയകളിൽ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ഉറപ്പിലും ഭംഗിയിലും മികച്ച കല്ലുകളാണ് ബാംഗ്ലൂർ സ്റ്റോണുകൾ. ബാംഗ്ലൂരിലെ ജിഗിനിയിൽ നിന്നും മറ്റു ക്വാറികളിൽ നിന്നുമാണ് ഇവ കയറ്റുമതി ചെയ്യുന്നത്. വെള്ളക്കല്ലിൽ കറുത്ത ഗ്രെയിൻസ് വരുന്ന രീതിയിലുള്ള വളരെ ഭംഗിയുള്ള കല്ലുകളാണിവ. 60, 50, 30, 20 MM എന്നിങ്ങനെ വ്യത്യസ്ത കനങ്ങളിലും ബോക്സ് കട്ട്, ഹാഫ് കട്ട്, ഫുള്ളി ഫ്ലെയിംഡ്, ബോട്ടം ഫ്ലെയിംഡ്, റഫ് സ്റ്റോൺ എന്നിങ്ങനെ വിവിധ ഫിനിഷുകളിലും ഈ കല്ലുകൾ ലഭ്യമാകുന്നു. ഇവയിൽ ഫുൾ ഫിനിഷ്ഡ് ബാംഗ്ലൂർ സ്റ്റോണുകളാണ് ഏറ്റവും മനോഹരം. എന്നാൽ ഫ്ലെയിമിങ് ചെയ്ത കല്ലുകൾ കൂടുതൽ ഗ്രിപ് നൽകുന്നവയാണ്.
രാജസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കോട്ട കല്ലുകൾ വീടിന്റെ അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാനാവുന്നവയാണ്. പോളിഷ്ഡ്, സെമി- പോളിഷ്ഡ്, നോൺ പോളിഷ്ഡ്, ലെതർ ഫിനിഷ്ഡ് എന്നിങ്ങനെ വിവിധ ഫിനിഷുകളിൽ ഇവ ലഭ്യമാണ്. 50 MM കനമുള്ള കോട്ട കല്ലുകൾ പുറത്തും 16 MM കനത്തിലുള്ളവ വീടിനകത്തുമാണ് ഉപയോഗിക്കുന്നത്. എന്നാൽ കല്ലിന്റെ ഭാരം, ഗതാഗതച്ചെലവ് തുടങ്ങിയ ബുദ്ധിമുട്ടുകൾ പരിഗണിച്ച് 50 MM കനത്തിലുള്ള കല്ലുകൾ കേരളത്തിൽ ഇറക്കുമതി ചെയ്യുന്നത് പരിമിതമാണ്.
തന്തൂർ, ബാംഗ്ലൂർ സ്റ്റോണുകളിൽ നിന്ന് നിർമിക്കുന്ന, അലങ്കാരാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കല്ലുകളാണ് കോബിൾ സ്റ്റോണുകൾ. 4*4 ഇഞ്ച് എന്ന അളവിലുള്ള ചെറിയ കല്ലുകളായി വെള്ള, ചുവപ്പ്, കറുപ്പ് നിറങ്ങളിൽ ഇവ ലഭ്യമാകുന്നു.