വീടുകളിൽ ഒട്ടുമിക്കപേരും നേരിടുന്ന പ്രശ്നമാണ് ഈർപ്പം ബാധിക്കുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ. നല്ല രീതിയിൽ മഴ ലഭിക്കുന്ന സ്ഥലമായതിനാൽ തന്നെ കേരളത്തിലെ വീടുകളുടെ നിർമാണത്തിൽ വെള്ളത്തെ പ്രതിരോധിക്കുന്നതിനായി പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. എന്നാൽ ചെറിയ ലാഭം കണക്കാക്കി വാട്ടർപ്രൂഫിങ് ഒഴിവാക്കുന്നതിലൂടെ ഭാവിയിൽ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ചെറുതല്ല. വീടിന്റെ കെട്ടുറപ്പ് തന്നെ ഇല്ലാതാകുന്ന തരത്തിലുള്ള ഗുരുതര പ്രശ്നങ്ങൾ ഇതിലൂടെ ഉണ്ടാകുന്നു. അതിനാൽ വീടിന്റെ നിർമാണ ഘട്ടത്തിൽ തന്നെ വാട്ടർ പ്രൂഫിങ്ങിന് പ്രാധാന്യം നൽകേണ്ടതുണ്ട്. ഇത്തരത്തിൽ ചെയ്യുന്ന വിവിധ തരം വാട്ടർപ്രൂഫിങ് രീതികൾ ഏതൊക്കെയാണെന്ന് നോക്കാം.
മണ്ണുമായി നേരിട്ട് ബന്ധം വരുന്ന കോളം ഫൂട്ടിങ്, ഫൌണ്ടേഷൻ, ലിഫ്റ്റിന്റെ പിറ്റ് തുടങ്ങിയവയിൽ നിന്ന് ഭിത്തികളിലേക്ക് ഈർപ്പം ബാധിക്കാതിരിക്കുന്നതിനായി ബിറ്റുമിൻ ഉപയോഗിച്ച് വാട്ടർ പ്രൂഫിങ് ചെയ്യേണ്ടതുണ്ട്. ലിക്വിഡ് ബെയ്സ്ഡ്, ഷീറ്റ് ബെയ്സ്ഡ് എന്നിങ്ങനെ രണ്ടു രീതികളിൽ ബിറ്റുമിൻ വാട്ടർപ്രൂഫിങ് ചെയ്യാം. വിവിധ ബ്രാന്റുകളുടെ ബിറ്റുമിൻ മിശ്രിതങ്ങളും APP മെമ്പ്രയ്ൻ ഷീറ്റുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ലിക്വിഡ് മെറ്റീരിയൽ റോളർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ അപ്ലൈ ചെയ്യാം. എന്നാൽ കമ്പനി പറഞ്ഞിരിക്കുന്ന അളവിലും രീതിയിലും തന്നെ മെറ്റീരിയൽ അപ്ലൈ ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്. APP മെമ്പ്രയ്ൻ ഷീറ്റുകൾ ഫലപ്രദമായ രീതിയിൽ ഒട്ടിക്കണമെങ്കിൽ പരിശീലനം നേടിയ പ്രൊഫഷണലുകൾ അനിവാര്യമാണ്.
റൂഫ് സ്ലാബ്, ബീമുകൾ, കോളങ്ങൾ തുടങ്ങിയവ കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് തന്നെ കോൺക്രീറ്റ് മിശ്രിതത്തോടൊപ്പം ചേർക്കുന്ന വാട്ടർപ്രൂഫിങ് രീതിയാണിത്. സ്ട്രക്ചറുകളുടെ ബോണ്ടിങ് കൂടുന്നതിനും പിന്നീട് വിള്ളലുകൾ ഉണ്ടാകാതിരിക്കുന്നതിനും കമ്പികൾ തുരുമ്പെടുക്കാതിരിക്കുന്നതിനുമൊക്കെ ഇത് സഹായിക്കുന്നു. മികച്ച വാട്ടർപ്രൂഫിങ് ബ്രാൻഡുകളുടെ മെറ്റീരിയലുകൾ കമ്പനി നിർദ്ദേശിക്കുന്ന രീതിയിൽ തന്നെ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.
ഏതെങ്കിലും തരത്തിലുള്ള ലീകേജ് ഉണ്ടായാൽ ഈർപ്പത്തെ പ്രതിരോധിക്കുന്നതിനായി ബാത്റൂമിന്റെ ഫ്ലോറിലും ചുവരിലും ബിറ്റുമിൻ, ആക്രിലിക് ബെയ്സ്ഡ് മെറ്റീരിയലുകൾ പോലുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്യാറുണ്ട്. ഇതു കൂടാതെ വീടിന്റെ ഫസ്റ്റ് ഫ്ലോർ ബാത്റൂമുകളിൽ അധിക സുരക്ഷ എന്ന നിലയ്ക്ക് ബിറ്റുമിൻ വാട്ടർപ്രൂഫിങ് ഷീറ്റും ഒട്ടിച്ചു വരുന്നു. ഏതെങ്കിലും തരത്തിൽ വെള്ളം ലീക്ക് ആയാൽ ഗ്രൗണ്ട് ഫ്ലോറിലെ സ്ലാബിനെയോ ചുവരുകളെയോ ബാധിക്കാതിരിക്കാൻ ഇത് സഹായിക്കുന്നു.
ഭിത്തിയിൽ വെള്ളം വീഴുന്നതിലൂടെയും ക്യാപ്പിലറി ആക്ഷനിലൂടെയുമൊക്കെ ചുവരുകളിൽ ഈർപ്പം ബാധിക്കുകയും പെയിന്റും പുട്ടിയുമൊക്കെ ഇളകിപ്പോകുകയും ചെയ്യുന്ന പ്രശ്നം പരിഹരിക്കുന്നതിനായി പ്ലിന്ത് ബീമിന് മുകളിലായി ഭിത്തിയിൽ പിഡിഫിൻ 2K (Pidifin 2K) പോലുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്യുന്നു. ഇത് വീടിനെ മൊത്തത്തിൽ ഈർപ്പത്തിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കുന്നു.
മേൽക്കൂരയിൽ നിന്ന് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ചോർച്ചയെ പ്രതിരോധിക്കുന്നതിനായി ഇന്ന് വീടിന്റെ നിർമാണ ഘട്ടത്തിൽ തന്നെ ടെറസിൽ വാട്ടർപ്രൂഫിങ് ചെയ്യുന്നു. മെയിൻ സ്ലാബിന്റെ കോൺക്രീറ്റ് കഴിഞ്ഞ് പ്ലാസ്റ്ററിങ് ചെയ്ത് ടെറസ് നിരപ്പാക്കിയതിനു ശേഷമാണ് വാട്ടർപ്രൂഫിങ് ചെയ്യേണ്ടത്. ലിക്വിഡ് ബെയ്സ്ഡ്, ഷീറ്റ്-ബെയ്സ്ഡ് എന്നിങ്ങനെ രണ്ട് രീതികളിലായാണ് പ്രധാനമായും ടെറസിൽ വാട്ടർപ്രൂഫിങ് ചെയ്യുന്നത്. ആക്രിലിക്, പോളിയൂറിത്തേൻ തുടങ്ങിയ സിമെന്റീഷ്യസ് മെറ്റീരിയലുകൾ ഉപയോഗിച്ച് ലിക്വിഡ് ബെയ്സ്ഡ് വാട്ടർപ്രൂഫിങ്ങും APP മെമ്പ്രയ്ൻ ഷീറ്റുകൾ ഉപയോഗിച്ച് ഷീറ്റ് ബെയ്‌സ്ഡ് വാട്ടർപ്രൂഫിങ്ങും ചെയ്യുന്നു.
വിദഗ്ദ്ധ പരിശീലനം നേടിയ ജോലിക്കാരെ ഉപയോഗിച്ച് കൃത്യമായ രീതിയിൽ വാട്ടർ പ്രൂഫിങ് ചെയ്‌താൽ മാത്രമേ അത് ഫലപ്രദമാകുകയുള്ളൂ. അതിനാൽ തന്നെ ചെറിയ ലാഭം കണക്കാക്കി സ്വന്തമായി ചെയ്യാൻ ശ്രമിക്കുന്നതിനു പകരം മികച്ച രീതിയിൽ വാട്ടർപ്രൂഫിങ് സർവീസുകൾ ചെയ്തു നൽകുന്ന പ്രൊഫഷണലുകളെ സമീപിക്കുന്നതാണ് നല്ലത്.